മോചനം
നിൻ കരുണയിൽ ഉറപ്പാകുമെൻ ജീവിതം,
നിൻ കരുതലിൽ ഉറപ്പാകുമെൻ തപസ്സും,
നിൻ കരുണയിൽ ഉയരുമെൻ ഹൃദയവും,
നിൻ കൃപയിൽ സ്ഥിരമാകുമെൻ മാനസം.
നിൻ കൃപയാൽ ഉറപ്പാകുമെൻ ജീവിതം,
നിൻ കരുണയിൽ സ്ഥിരമാകുമെൻ പാദവും,
നിന്നുടെ ശിരസ്സിൽ നിന്നൊഴുകിയ ചോരയിൽ,
ശുദ്ധീകരിക്കുമെൻ കന്മഷ മാനസം.
നിൻ പാദത്തിൽ ഉടച്ചതാം എൻ പരിമളതൈലം ,
നിൻ മറുവിലയിൽ ഏറെ തുച്ഛമയ്യോ!
എൻ പാപമുയരുന്ന ഗിരിയിൽ നിൻ ജഡം,
ഉയർന്നൂ ഗോൽഗോഥായിൽ സൂര്യതേജസ്സിൻ മറവിൽ.
വിലയേറിയതാമെൻ പാപദേഹിയെ,
വിലയ്ക്കു വാങ്ങി നീ നിൻ ദിവ്യ ദേഹത്താൽ ,
കഴുകി നീ എന്നിലെ പാപക്കറകളെ,
നിൻ ത്യാഗരക്തത്തിൻ ഒഴുക്കിൻ ശക്തിയാൽ.
നിന്നുടെ മുൾപാടുകളാണെന്റെ
മോചനം,
അവയെൻ നേത്രത്തിൽനിന്നകറ്റി തിമിരവും,
നിന്നുടെ ദേഹിതൻ അവസാന ശ്വാസവും
എൻ പുതുജീവിന്റേ, പുലർക്കാലഘോഷണം.
നീ വീണ്ടെടുത്തൊരീ അടിയാൻ
അണയുന്നു നിന്നിൽ,
നിൻകൃപ മാത്രമെൻ ജീവിന്റേ
ആധാരം,
പിണമായ്ക്കിടന്നു ഞാൻ
ധരണിതൻ ആഴത്തിൽ ,
നൽകിനിൻ ശ്വാസവുംനിൻനിണത്തോടൊപ്പം.
ജീവജലത്തിന്റെ നീർഝരീയതിൽ,
എന്നെക്കഴുകി നീ എന്നെ ഉയർത്തി,
നിന്നുടെ രക്താംഗി എന്നെ
ധരിപ്പിച്ചു,
നിൻ നിണത്താൽ എന്നെ
നീതീകരിച്ചു.
ശാലേമിൽ മാറ്റൊലി ഗീതവും,
ശാലേമിൻ മന്നനേ നീയെന്റെ നാഥനും,
ശാലേമിൽ ഉയരുന്ന നീതിയിൻ സൂര്യനായ്,
നീയെന്റെ ചിത്തത്തിൽ വാഴുന്നു ശ്രേഷ്ഠനായ്.
എൻ പ്രാണനാഥാ നീയെന്നെ തേടിയതോ,
എൻ പ്രിയ താതാ നീയെൻ മറുവിലയോ,
എൻ ജീവാന്ത്യവേളയിൽ നിന്നെഞാൻ കാണുമ്പോൾ,
നിൻകരം എന്നെ നിൻ മാറോടു ചേർക്കണെ.
അഗ്നികുണ്ഡത്തിൽനിന്നെന്നെ വലിച്ചു നീ,
അഗ്നിയെ വെല്ലുന്നതാം പരിത്യാഗത്താൽ,
താതാ നിൻ അഗ്നിയാൽ ശുദ്ധീകരിക്കെന്നെ,
നിൻമുഖം സൂര്യാഗ്നിയേക്കാളും ശോഭിതം.
ജീവജലത്തിൻ ഉറവയാം പ്രാണനാഥാ,
നിൻ പുതുജീവൻ ദിനംതോറുമെൻ ഹൃത്തിൽ,
നിൻ വചനത്തിൻ സൗരഭ്യം എൻ പ്രാണനിൽ,
ഉയർത്തട്ടെ അടിയാൻ നിൻ ആരാധനാ ധരിണിയിൽ.
ഞാൻ വരുന്നിതാ എൻ ഓട്ടം തികച്ചിതാ,
ആ ശാശ്വത പർവതം ദൃഷ്ടിയിൽ കാണുന്നു,
എൻ കണ്ണിമയ്ക്കും ആ നൊടി നേരത്തിൽ,
എൻ വിരലുകൾ നിൻ പാദത്തെ സ്പർശിപ്പൂ നാഥാ!
Author: Subin Abraham Mathew
Comments